2029 മുതല്‍ അക്കാദമി അവാര്‍ഡുകള്‍ ( ഓസ്കർ) യൂ ട്യുബില്‍ മാത്രമായി സ്ട്രീം ചെയ്യും. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഭാഗം ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.
2033 വരെ ഓസ്കാര്‍ സംപ്രേഷണം ചെയ്യാനുള്ള ആഗോള അവകാശം യു ട്യുബിനു നല്കുന്ന മള്‍ട്ടി- ഇയര്‍ കരാറില്‍ ഒപ്പിട്ടതായി അധികൃതർ അറിയിച്ചു. അവാര്‍ഡ് ഷോ, എബിസി ചാനലിലായിരുന്നു കഴിഞ്ഞ അര പതിറ്റാണ്ടു കാലമായി ഓസ്കര് സംപ്രേഷണം ചെയ്തിരുന്നത്.
2029 മുതല്‍ യൂ ട്യുബിലൂടെ തത്സമയമായും സൗജന്യമായും കാണാം. അക്കാദമി ഒരു അന്താരാഷ്ട്ര സംഘടനയാണെന്നും ഈ പങ്കാളിത്തം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ആളുകളിലേക്കു പരമാവധി എത്തിക്കാന്‍ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതു അക്കാദമി അംഗങ്ങള്‍ക്കും ചലചിത്രമേഖലയ്ക്കും ഗുണകരമാകുമെന്നും അക്കാദമി സിഇഒ ബില്‍ ക്രാമറും പ്രസിഡന്റ് ലിനെറ്റെ ഹൗവല്‍ ടെയ്ലറും അറിയിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അവാര്‍ഡ് ഷോയുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2025ല്‍ ചെറിയൊരു വര്‍ധന രേഖപ്പെടുത്തിയിരുന്നു.
1976 മുതല്‍ അവാര്‍ഡ് ഷോ ഹോസ്റ്റ് ചെയ്യുന്ന എബിസി തങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന അടുത്ത മൂന്നു ടെലികാസ്റ്റുകള്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.